Hello
featuredGALLERY ചിത്രങ്ങള്‍news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ നാമം വിജയിക്കട്ടെ :ഏവർക്കും നന്മകൾ നേരുന്നു

ശ്രീ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ: സത്യത്തിന്‍റെ നേര്‍ വഴി 

WhatsApp Image 2024-01-30 at 7.37.06 AM

ആർഷഭാരത സംസ്കൃതിയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അനേകായിരം ക്ഷേത്രങ്ങളും കാവുകളും ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് (കാവ് ) കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍  സ്ഥിതിചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്   (മൂലസ്ഥാനം )

(കാവ്  : കാവ് എന്നാൽ പ്രപഞ്ച ശക്തികളുടെ കേദാര ഭൂമിക )(ജൈവവൈവിധ്യത്തിന്‍റെ   മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും  വിശേഷിപ്പിക്കുന്നു.ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജീവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും ദേവതകളെയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു.സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു.ബലിയിടുന്ന സ്ഥലം എന്നാണ് കാവിന്‍റെ  അർത്ഥം.കാവുകള്‍ ജീൻകലവറയാണ്. മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തിഏഴിനം പക്ഷികൾ, ഇരുപത്തിഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തി.)

കോടി സൂര്യപ്രഭയുടെ കാന്തിയും ചൈതന്യവും തുളുമ്പി, ജീവിത പ്രയാസങ്ങളില്‍ നിന്നും മോചനം നല്‍കി വിദ്യ, മംഗല്യം സത്സന്താന ഭാഗ്യങ്ങളേകി കല്ലേലിക്കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് വരദാനം നല്‍കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍. മിഴി നിറഞ്ഞ് മനം നിറഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്‍റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്താല്‍ സഫലീകരണമാകുന്നു.

ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ശക്തി ചൈതന്യം നിറഞ്ഞു കത്തുന്ന മഹാസന്നിധിയിലേക്ക് മനസ്സിനെ കുടിയിരുത്താം. ആദി ദ്രാവിഡ നാഗഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്നത് ഈ കാവിലാണ്.

മതസൗഹാർദ്ദം എന്ന ഭാരതീയ സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി പരിലസിക്കുന്ന മധ്യതിരുവിതാംകൂറിലെ അതി പ്രാചീനവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. നാനാജാതി മതസ്ഥരുടെ സകല സന്താപങ്ങളുടേയും സംഹാരകേന്ദ്രം. ആഷ്ട ഐശ്വര്യങ്ങളുടെ വിളനിലം. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കാനനവാസന്‍ കുടികൊള്ളുന്ന കാവിലേക്ക്….

നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആദിമ ഗോത്ര സംസ്കൃതിയെ തുയിലുണർത്തുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തിപ്പോരുന്നതും പൂർണമായും പ്രകൃതിയിൽ അധിഷ്ഠിതമായ പൂജകളും വഴിപാടും കൊണ്ട് ലോക ശ്രദ്ധ ആകർഷിച്ചതുമായ കല്ലേലിക്കാവ്.

ആചാരം കൊണ്ടും അനുഷ്ഠാനം കൊണ്ടും പഴമ കൊണ്ടും വിശ്വാസവും കൊണ്ട് നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമാണ് കല്ലേലിക്കാവ്.

999 മലകളുടെ മൂലനാഥനാണ് കല്ലേലി ഊരാളി അപ്പൂപ്പൻ എന്നാണ് പഴമ കൊണ്ടുള്ള വിശ്വാസം. ആ വിശ്വാസം ഇന്ന് നിലനിർത്തിപ്പോരുന്ന ആചാരവും അനുഷ്ഠാനവും ആണ് കല്ലേലിക്കാവിൽ ഉള്ളത്.

ഇന്ത്യയിലെ മറ്റു ദേവാലയങ്ങളിൽ പ്രഭാതത്തിൽ തുടങ്ങി പ്രദോഷത്തിൽ അവസാനിക്കുന്ന പൂജകൾ ആണെങ്കിൽ കല്ലേലിക്കാവിൽ 24 മണിക്കൂറും പൂജകളും വഴിപാടുകളും ആചാരവും അനുഷ്ഠാനവും നിലനിർത്തിപ്പോരുന്നു.

ഭൂമിയിലെ ഏറ്റവും പരിശുദ്ധവും ഔഷധ ഗുണവും ഉള്ള ഇലകളിൽ ഒന്നാണ് വെറ്റയില. അതിനാലാണ് പവിത്രമായ ഏത് ചടങ്ങുകളിലും ദക്ഷിണ നൽകുവാൻ വെറ്റയില ഉപയോഗിക്കുന്നത്. ഇതിനാൽ കല്ലേലി കാവിലെ ഏതൊരു ചടങ്ങിനും വെറ്റയിലയ്ക്ക് മുഖ്യ സ്ഥാനം നൽകി പോരുന്നത്. കല്ലേലി അപ്പൂപ്പൻ താംബൂല പ്രിയനായതും ഇതിനാലാണ്.

കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന ചരിത്ര സത്യത്തിന്റെ സ്ഥാനംലോകമെങ്ങും വാമൊഴികളിൽ നിറഞ്ഞു നിൽക്കുന്നു.മാനവ കുലത്തിനെയും പ്രകൃതിയേയും ബന്ധിക്കുന്ന കണ്ണിയാണ് കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന് സത്യാന്വേഷികൾ സാക്ഷ്യപ്പെടുത്തുന്നു.

തീർത്തും പ്രകൃതിയെ പരിപാലിച്ചും പഴമ നിലനിർത്തിയും ആണ് ക്ഷേത്ര നിർമ്മാണം. പ്രധാന പീഠങ്ങളും ഉപ സ്വരൂപ നടകളും ദർശിച്ചാൽ ഇത് നേരിൽ ബോധ്യമാകും.

പ്രകൃതി സത്യങ്ങളെ മാത്രം വിശ്വസിച്ചും ആശ്രയിച്ചും കഴിഞ്ഞിരുന്ന ഗോത്ര ആചാരമായ കൗള ശാസ്ത്ര വിധികൾ അണുവിട തെറ്റാത്തെയും മുടക്കം കൂടാതെയും അനുഷ്ഠിച്ചു വരുന്ന ഏക കാനന വിശ്വാസ ക്ഷേതമാണ് കല്ലേലി കാവ് എന്ന് മാനവർ സാക്ഷ്യപ്പെടുത്തുന്നു.

കാവുകൾക്കും കളരികൾക്കും മലകൾക്കും മലനടകൾക്കും മൂല സ്ഥാനമായ കാവാണ് പത്തനംതിട്ട കോന്നി കല്ലേലിയിൽ സ്ഥിതി ചെയ്യുന്ന 999 മലകളുടെ മൂല സ്ഥാനമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനനവിശ്വാസകേന്ദ്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ).
ആദി-ദ്രാവിഡ-നാഗ-ഗോത്ര സംസ്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ പിന്തുടർന്നു വരുന്നതും പ്രകൃതി വീഥി തെളിയിച്ച് കിഴക്ക് ദർശനമായി ഉഗ്രവിഷ സർപ്പസംഹാരിയായ അച്ചൻകോവിൽ അച്ചന്റെ തീർത്ഥപുണ്യനദി അച്ചൻകോവിലാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പുണ്യ സങ്കേതം.

കിഴക്കുനിന്നും ഒഴുകിയെത്തുന്ന പുണ്യനദീപ്രവാഹം കാവിനെ തൊട്ടു നമസ്കരിച്ച് ദിശമാറിയൊഴുകുന്ന സുന്ദരദൃശ്യം അത്യപൂർവ്വവും ദൈവീകവുമായ ഒരു സവിശേഷതയാണ്.

പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാൽ അച്ചൻകോവിൽ, കോടമല തേവർ, കൽച്ചിറ ഉടയോൻ, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്.

999 മലകളുടെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പനോട്‌ താംബൂലം (മുറുക്കാൻ ) സമർപ്പിച്ചാണ് പ്രാർഥിക്കേണ്ടത് (താംബൂലം കാവിൽ ലഭ്യമാണ് )

ഭാരതഭൂവിന്റെ സർഗ്ഗപ്രതിഭകളുടെ ശ്രീകോവിൽ കൂടിയായ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും കൂടുതൽ ഊട്ടി ഉറപ്പിക്കുന്നു . കല്ലേലി ഊരാളി അപ്പൂപ്പൻകാവ് ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ മൌലീകമായ ആർജ്ജവവും ശക്തിസ്വരൂപവും സംശുദ്ധിയും തേജസ്സും സമഞ്ജസമായി സമ്മേളിക്കുന്ന അത്യപൂർവ്വം കാവുകളിലൊന്നാണ്.

ഭക്തിയുടെ പാരമ്യതയിലും പരിപാവനതയിലും ചരിത്ര സത്യങ്ങളുറങ്ങുന്ന പുണ്യഭൂമിയാണ് കല്ലേലി മണ്ണ്.ആചാരവും അനുഷ്ടാന കർമ്മങ്ങളും ഗോത്ര പാരമ്പര്യത്തിൽ നിറഞ്ഞ് നിൽക്കുന്നു.പ്രകൃതി സത്യങ്ങളെ സാക്ഷി വെച്ചു ഊരാളിമാർ വിളിച്ചു ചൊല്ലി ദേശ ദോഷവും കാല ദോഷവും കുടുംബ ദോഷവും ഒഴിപ്പിച്ചിറക്കുന്നു.

കാവും കളരിയും ഊരാളിയും പ്രകൃതിയും ഒന്ന് ചേർന്ന് ലോകത്തിനു നന്മകൾ പ്രദാനം ചെയ്യുന്നു.രണ്ട് രണ്ടായിരം കലികളെയും മൂവായിരം അഷ്ടമംഗലങ്ങളെയും കിഴക്കൻ പാലാഴി കടലിനെയും പടിഞ്ഞാറേ തിരുവാർ കടലിനെയും മേലോകത്തെയും പാതാളത്തേയും വടക്കാനാദി തെക്കനാദി കളെ ഉണർത്തിച്ച് പൊന്നായിരത്തൊന്നു കാതിരിനെ സാക്ഷി വെച്ച് പിതൃക്കന്മാരെയും ആശാന്മാരെയും പരമ്പര കാക്കും പൂർവ്വികരെയും വിളിച്ചുണർത്തി ഭക്തരുടെ ദോഷങ്ങൾ ഒഴിപ്പിക്കുന്നു.

താംബൂല സമർപ്പണം, കരിക്ക് പടേനി, പൊങ്കാല വഴിപാടുകൾ നിത്യവും ഉള്ള കാവിൽ വന്നണയുന്ന ഏതൊരു മനസ്സും ആഗ്രഹിക്കുന്ന കാര്യങ്ങൾ സൂര്യ കിരണം പോലെ ശോഭയോടെ തിളങ്ങി വിളങ്ങി വരും എന്നത് നൂറ്റാണ്ടുകളായുള്ള വിശ്വാസം ഇന്നും നിലനിൽക്കുന്നു.

പ്രകൃതി സംരക്ഷണ പൂജകളായ ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, പക്ഷി മൃഗാദി പൂജകൾ നൽകി പ്രകൃതിയെ ഉണർത്തിച്ചാണ് മല ഉണർത്തി പ്രഭാത വന്ദനം നടത്തുന്നത്. വാനര ഊട്ട്, മീനൂട്ട് പൂജകൾ നൽകി നിത്യേന ഉള്ള പ്രഭാത പൂജകൾക്ക് തുടക്കം കുറിക്കും.

മലയ്ക്ക് കരിക്ക് പടേനി കാവിലെ വിശേഷാൽ വഴിപാടാണ്. മൂന്ന് ദിവസം വ്രതം നോറ്റാണ് ഭക്തർ വഴിപാട് സമർപ്പിക്കുന്നത്.താംബൂല (മുറുക്കാൻ )സമർപ്പണം, ആദ്യ വിള സമർപ്പണം, ഉരു സമർപ്പണം, കോഴി സമർപ്പണം, നില വിളക്ക് സമർപ്പണം, നിത്യ പൊങ്കാല സമർപ്പണം, നിത്യ അന്നദാനം സമർപ്പണം, മഞ്ഞൾ പറ, നാണയപ്പറ, നെൽപ്പറ, അൻപൊലി എന്നിവ സമർപ്പണമായി നിത്യവും നടന്നു വരുന്നു.

മേടം ഒന്നിന് തുടങ്ങി പത്തു ദിവസത്തെ മഹോത്സവത്തിന്റെ പത്താം
നാൾ പത്താമുദയത്തിന് പ്രശസ്തമായ കല്ലേലി ആദിത്യ പൊങ്കാലയും കല്ലേലി വിളക്കും, വലിയ മലയ്ക്ക് കരിക്ക് പടേനിയും 41 തൃപ്പടി പൂജയും, മലക്കൊടി എഴുന്നള്ളത്തും നടക്കും. വെള്ളം കുടി നിവേദ്യം ആഴിപൂജ എന്നിവയ്ക്ക് നാനാ ഭാഗത്തു നിന്നും ഭക്ത ജനങ്ങൾ ഒഴുകി എത്തും.കല്ലേലി കാവിൽ മാത്രം ഉള്ള കലാരൂപമാണ് കുംഭ പാട്ട്, കലകളായ തലയാട്ടം കളി, ഭാരത കളി, മുടിയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ ഉത്സവ നാളുകളിൽ നടന്നു വരുന്നു.

കല്ലേലി കൗള ഗണപതി, ഹരി നാരായണൻ, കുട്ടിച്ചാത്തൻ, വടക്കൻ ചേരി വല്യച്ഛൻ, പാണ്ടി ഊരാളി, മൂർത്തി, ആദ്യ ഉരു മണിയൻ, കാവിൽ വാഴും അമ്മ പരാശക്തി, വന ദുർഗ, നാഗ രാജൻ, നാഗ യക്ഷി, കൊച്ചു കുഞ്ഞ് അറു കല, യക്ഷി അമ്മ, ഭാരത പൂങ്കുറവൻ ഭാരത പൂങ്കുറത്തി(ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്ന കുറവൻ കുറത്തി മലകൾക്ക് പൂജയുള്ള ഏക കാവ് )ആശാമാർ ഗുരുക്കന്മാർ, പിതൃക്കൾ, പർണ്ണ ശാല, പുറം കളം എന്നീ ഉപ സങ്കൽപ്പങ്ങൾക്ക് വിശേഷാൽ ഊട്ടും പൂജയും ഉണ്ട്.
കോന്നിയിൽ നിന്നും 8 കിലോമീറ്റർ കോന്നി അച്ചൻ കോവിൽ റോഡിലൂടെ സഞ്ചാരിച്ചാൽ കാവിന് മുന്നിൽ എത്തിച്ചേരും. 24 മണിക്കൂറും ദർശനം ഉള്ള ഏക ക്ഷേത്രമാണ് (കാവ് ) ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് എന്നത് പ്രത്യേകതയാണ്.

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ പ്രപഞ്ച ശക്തിയാണ്. ഇതിനാല്‍ രൂപവും ഭാവവും ഇല്ല. പക്ഷേ മനമുരുകി വിളിച്ചാല്‍ ആഗ്രഹ സഫലീകരണം ഉറപ്പ്. ശ്രീ.കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളുന്ന ഈ കാവില്‍ കൂടുകൂട്ടുന്ന പറവകളും, ചീവീടുകളും വാനരന്മാരുമെല്ലാം ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്റെ നാമം സദാ മൂളുന്നു.

യാതനയില്‍ ശാന്തിയേകാന്‍ കാതിലിമ്പമേകുവാനായി അപ്പൂപ്പന്‍റെ ഗീതകങ്ങള്‍ കൂട്ടിനുണ്ട്. കലുഷിതമായ മനസ്സുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെത്തി താമ്പൂലം സമര്‍പ്പിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഇളം തെന്നലില്‍ അപ്പൂപ്പന്‍റെ അനുഗ്രഹകടാക്ഷത്താല്‍ ശാന്തമായ മനസ്സുമായി ഗൃഹത്തിലണയാം.

കലിയുഗത്തിലെ സകല ആപത്തില്‍ നിന്നും രക്ഷിക്കുവാന്‍ കഴിവുള്ള അവതാര മൂര്‍ത്തി കുടികൊള്ളുന്ന മണ്ണാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. വിസ്തൃതമായ കാവില്‍ ആചാരങ്ങളും അനുഷ്ഠാനവും ആദി ദ്രാവിഡ സങ്കല്പത്തിലുള്ളതായതിനാല്‍ ആധി വ്യാധികളും സര്‍വ്വ അസ്വസ്ഥതകളും മാഞ്ഞ് ഭീതിരഹിതവും സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്ന ഭക്തജനതയുടെ ഉറച്ച വിശ്വാസം ഏതൊരു ഭക്തര്‍ക്കും ഈ പുണ്യദര്‍ശനം അനുഭവേദ്യമായ സിദ്ധൌഷധമായി മാറുന്നു. സമഭാവനയുടെ പുകള്‍പ്പെറ്റ സന്നിധാനമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്.സത്യം വദഃ ധര്‍മ്മം ചരഃ

വഴിപാടുകൾ (അപ്പൂപ്പന് താംബൂല സമർപ്പണം,അമ്മൂമ്മക്ക് വട്ടിയൊരുക്ക് സമർപ്പണം), വിശേഷാൽ പൂജകൾ,നേർച്ച-കാഴ്ചകൾ സമർപ്പിക്കാം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )
കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല ,കേരളം
ബുക്കിംഗിന് -:0468-2990448, 9946383143, 9946283143, 9447504529

WhatsApp Image 2024-01-30 at 8.03.05 AM WhatsApp Image 2024-01-30 at 7.33.03 AM WhatsApp Image 2024-01-30 at 7.49.32 AM WhatsApp Image 2024-01-30 at 8.01.42 AM WhatsApp Image 2024-01-30 at 8.01.54 AM WhatsApp Image 2024-01-30 at 8.02.05 AM WhatsApp Image 2024-01-30 at 8.02.22 AM WhatsApp Image 2024-01-30 at 8.02.47 AM (1) WhatsApp Image 2024-01-30 at 8.02.47 AM WhatsApp Image 2024-01-30 at 8.02.48 AM WhatsApp Image 2024-01-30 at 8.02.50 AM (1) WhatsApp Image 2024-01-30 at 8.02.50 AM WhatsApp Image 2024-01-30 at 8.02.55 AM WhatsApp Image 2024-01-30 at 8.02.58 AM WhatsApp Image 2024-01-30 at 8.02.59 AM WhatsApp Image 2024-01-30 at 8.03.00 AM (1) WhatsApp Image 2024-01-30 at 8.03.00 AM WhatsApp Image 2024-01-30 at 8.03.01 AM WhatsApp Image 2024-01-30 at 8.03.02 AM WhatsApp Image 2024-01-30 at 8.03.03 AM WhatsApp Image 2024-01-30 at 8.03.04 AM (1) WhatsApp Image 2024-01-30 at 8.03.04 AM WhatsApp Image 2024-01-30 at 8.03.05 AM (1)

Leave a Response