Hello
featuredhomenews

കല്ലേലി മണ്ണില്‍ ഭക്തിയുടെ സൂര്യകിരണം: ആദിത്യ പൊങ്കാല സമര്‍പ്പിച്ചു

 

പത്തനംതിട്ട (കോന്നി ): പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തില്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനില്‍ മനമര്‍പ്പിച്ച ആയിരങ്ങള്‍ കല്ലേലി പൂങ്കാവനത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു . 999 മലകളെ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ണ്ണ മലക്കൊടി ഊരാളിമാരുടെ ആര്‍പ്പോ വിളികളോടെ പൊങ്കാല നിവേദ്യം സ്വീകരിക്കാന്‍ എഴുന്നള്ളിച്ചു . കല്ലേലി മണ്ണില്‍ ഭക്തിയുടെ സൂര്യകിരണം വീശി . കല്ലേലി ഊരാളി അപ്പൂപ്പന്‍റെ പിറന്നാള്‍ ഭക്ത ലക്ഷങ്ങള്‍ പത്താമുദയമായി കൊണ്ടാടി ആത്മ സമര്‍പ്പണമായി കല്ലേലി ആദിത്യ പൊങ്കാല നേദിച്ചു .

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്തു ദിനം നിറഞ്ഞു നിന്ന ഉത്സവ ആഘോഷങ്ങളില്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായ 101 കരിക്കിന്‍റെ വലിയ പടേനിയോടെ പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിക്കുകയും പ്രകൃതി സത്യങ്ങളെ സാക്ഷി നിര്‍ത്തി കല്ലേലിമണ്ണില്‍ ആയിരങ്ങള്‍ പൊങ്കാലകലങ്ങളില്‍ തങ്ങളുടെ കണ്ണീരും കിനാവും അർപ്പിച്ചു കൊണ്ട് സ്വയം സമർപ്പിതരായി.പൂര്‍വികരുടേയും ആശാന്മാരുടെയും പ്രകൃതി സത്യങ്ങളുടെയും അനുഗ്രഹത്തോടെ നൂറ്റാണ്ട് പഴക്കം ഉള്ള കാവിലെ ആചാരവും അനുഷ്ടാനവും ആദിമ കലകളും കലാരൂപങ്ങളും കൊട്ടിക്കയറി

പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് ചലച്ചിത്ര സീരിയൽ താരം പ്രിയങ്ക നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഗായിക കുമാരി അഞ്ജന കടമ്പനാട്,ജന പ്രിയ കോമഡി താരങ്ങളായ രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട്, സുജിത്ത് കോന്നി എന്നിവർ ഉത്സവ സന്ദേശം കൈമാറി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു.

 

പണ്ടാര അടുപ്പിൽ ദീപനാളങ്ങള്‍ പകർന്നതോടെ ആര്‍പ്പോ വിളികളുടെ അകമ്പടിയോടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിയുടെ പ്രയാണം തുടങ്ങി. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ വരെ പൊങ്കാല അടുപ്പുകൾ നിരന്നു.സംസ്ഥാനത്തിനു അകത്തും പുറത്തുനിന്നുള്ളവരും വിദേശ രാജ്യങ്ങളിലെ പഠിതാക്കളും പൊങ്കാലയുടെ പുണ്യം നുകരാനെത്തി.

വിവിധ രാഷ്ട്രീയ സാമൂഹിക സാഹിത്യ മത സാമുദായിക ചലച്ചിത്ര രംഗത്തെ പ്രമുഖരും വിവിധ ദിവസങ്ങളിലായി എം പിമാര്‍ എം എല്‍ എ മാര്‍ എന്നിവര്‍ പത്താമുദയ മഹോത്സവ ആശംസകള്‍ അര്‍പ്പിക്കാന്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തി .പത്താമുദയ മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തര്‍ സാക്ഷിയായി . 41തൃപ്പടിയില്‍ പടി പൂജ നല്‍കി . അച്ചന്‍ കോവില്‍ പുണ്യ നദിയില്‍ ആയിരങ്ങള്‍ കല്ലേലി വിളക്ക് തെളിയിച്ചു . ആള്‍പ്പിണ്ടി വിളക്ക് നദി ഏറ്റുവാങ്ങി .

 

കള്ളും കലശവും കരിക്കും മുളം കുറ്റിയില്‍ വെച്ച് കാര്‍ഷിക വിളകള്‍ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തെണ്ടും തെരളിയും വറപൊടിയും നൂറകനും മാന്തലും മടിക്കിഴങ്ങും ചെരാതും കാട്ടിലയില്‍ നാക്ക് നീട്ടിയിട്ട്‌ മല കളരിയില്‍ സമര്‍പ്പിച്ചു കൊണ്ട് മലയാളക്കരയിലും പാണ്ടി ദേശത്തും ഉള്ള 999 മലകള്‍ക്ക് പത്താമുദയ ഊട്ടു നല്‍കി .

ഭാരതാംബയുടെ വിരി മാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപമായ ഭാരതക്കളി , ഉണര്‍ത്ത് പാട്ടായ കുംഭ പാട്ട് , തലയാട്ടം കളി , കമ്പ് കളി , പടേനിക്കളി ,പാട്ടും കളികളും നടത്തി മല ദൈവങ്ങളെ പ്രീതിപ്പെടുത്തി പത്താമുദയ മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു .

Leave a Response